ബ്രാൻ്റ്ഫോർഡ്: കാനഡയിലെ ഒൻ്റാരിയോയിലുള്ള ബ്രാൻ്റ്ഫോർഡിൽ മലയാളി യുവതിയെയും രണ്ട് വയസ്സുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിനിയായ റിയ തോമസിനെയും (32) മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ ദാരുണ വാർത്ത.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5:15-ഓടെയാണ് ബ്രാൻ്റ്ഫോർഡ് പോലീസ് ഒബെദിയ ക്രസൻ്റിലുള്ള (Obediah Crescent) ഇവരുടെ വീട്ടിലെത്തുന്നത്. ഉദ്യോഗസ്ഥർ എത്തുമ്പോൾ തന്നെ റിയയും മകനും മരണപ്പെട്ടിരുന്നു.
ആദ്യ ഘട്ടത്തിൽ പോലീസ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തിവിവരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവർ മലയാളികളാണെന്ന് സ്ഥിരീകരിച്ചത്. “നിലവിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും, ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മറ്റ് പ്രതികളെയൊന്നും തിരയുന്നില്ലെന്നും” ബ്രാൻ്റ്ഫോർഡ് പോലീസ് സർവീസ് ഔദ്യോഗിക മാധ്യമക്കുറിപ്പിൽ അറിയിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ചീഫ് കോറോണർ ഓഫീസിൻ്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കാനഡയിലെ, പ്രത്യേകിച്ച് ഒൻ്റാരിയോയിലെ മലയാളി കുടിയേറ്റക്കാർക്കിടയിൽ വലിയ വേദനയാണ് ഈ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. റിയ തോമസിനും പ്രിയപ്പെട്ട കുഞ്ഞിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.


























