ലണ്ടൻ (ഒന്റാറിയോ): നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ സി.എഫ് മെയ്സൺവില്ലെ പ്ലേസിലെ (CF Masonville Place) ഫുഡ് കോർട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് പേരെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മാളിലെ സന്ദർശകരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമുണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് ലണ്ടൻ പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഒരു പുരുഷൻ സ്ത്രീയെ തള്ളിയിടുകയും മുഖത്തടിക്കുകയും ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് തടയാൻ ശ്രമിച്ച വഴിയാത്രക്കാരായ രണ്ട് പേർക്കും മർദ്ദനമേറ്റു. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ കൂടി ചേർന്നതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ആക്രമണത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. പ്രതികളും ഇരകളും തമ്മിൽ മുൻപരിചയമില്ലെന്നും പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്നും പോലീസ് സ്ഥിരീകരിച്ചു.
അറസ്റ്റിലായവരിൽ 20-കാരനായ കോണർ വില്യം ലിൻ, 21-കാരിയായ കോർട്ട്‌നി ബാഗ്യാൻ എന്നിവർക്കെതിരെ മർദ്ദനം, വധഭീഷണി, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന 16 വയസ്സുകാരിയുടെ പേര് വിവരങ്ങൾ കാനഡയിലെ നിയമപ്രകാരം (Youth Criminal Justice Act) പുറത്തുവിട്ടിട്ടില്ല. കോണർ ലിന്നിനെ കോടതിയിൽ ഹാജരാക്കി. കോർട്ട്‌നി ഏപ്രിൽ 27-ന് കോടതിയിൽ ഹാജരാകണം.
മാളുകളിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കണക്കിലെടുത്ത്, മെയ്സൺവില്ലെ മാളിനുള്ളിൽ ഒരു ‘കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് സെന്റർ’ (Police Storefront) ആരംഭിക്കുമെന്ന് ലണ്ടൻ പോലീസ് അറിയിച്ചു. 2026 അവസാനത്തോടെ ഇത് പ്രവർത്തനസജ്ജമാകും. ജനത്തിരക്കേറിയ ഇടങ്ങളിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കി ജനങ്ങളുടെ സുരക്ഷാ ബോധം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെയ്സൺവില്ലെ മാൾ മാനേജ്‌മെന്റ് പോലീസിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുകയും ചെയ്യുന്നുണ്ട്


























